Tuesday, July 6, 2021

പാതിയുടലധികാരം അഥവാ ചുവപ്പോർമ്മ

ആർ.എസ്.സന്തോഷ് കുമാർ


ചുവപ്പോർമ്മ തുടങ്ങുന്നത്

ഗുൽമോഹർ പൂക്കൾ

പരവതാനി വിരിച്ച

പ്രിയ സ്കൂൾ മുറ്റത്തു നിന്ന്.

ഗുൽമോഹർ മൊട്ടിന്റെ

പരാഗമുള പടവാളാക്കി

പരസ്പരം കോർത്താണ്

ആദ്യത്തെയങ്കം. പിന്നെ,

ചുവപ്പധികാരം പതിച്ച

യൗവനത്തീർപ്പുകൾ.

കണ്ടതും കേട്ടതുമെല്ലാം

ചെഞ്ചോപ്പ്.


ആ കൊടിക്കൂറയ്ക്കു കീഴെ,

തെട്ടുരുമ്മി നിന്നവർ ഒരേ

രക്തച്ചോപ്പിൻ അണികൾ.

ആർത്തുവിളിച്ച സിന്ദാബാദ്,

ആരവങ്ങൾ, ആവേശച്ചോപ്പ്.


മാനിഫെസ്റ്റോ വായിക്കാതെ

കമ്മ്യൂണിസ്റ്റാകില്ലെന്നു

കരുതിയ കാലമുണ്ട് .

കാലമേറെ ചെന്നപ്പോൾ

കഥയറിയാതെ ആടുന്നോരാണു

ചുറ്റുമെന്ന തിരിച്ചറിവുണ്ടായി.

ചുവപ്പു ചുവന്നു തുടുക്കാതായി

എന്നിട്ടും ചോപ്പിനോടെന്തോ

ചൂടാറാത്തൊരിഷ്ടം.


എന്റെ ചുവപ്പല്ല നിന്റെ

ചുവപ്പെന്നു കാലം.

ചങ്കല്ല ചെമ്പരത്തിപ്പൂവെന്നു

ചങ്ങാതിമാർ. ചിതലരിക്കാത്ത

ഇഷ്ടങ്ങൾ കോർത്തൊരു

രക്തഹാരമണിഞ്ഞ് മറുപാതി.

പാതിയാരം പകുത്തവളും

കമ്മ്യൂണിസ്റ്റ്.

കാലം നിലച്ചൂ, ഞാനെന്നോ

പിന്നിലേക്കൂർന്നു പോയ്

നേരം നിലച്ചൂ, നീയെൻ

ഉടൽപാതി പങ്കിട്ടു.


ചായാനൊരു തണൽമരമായ്,

പെരുംതാങ്ങായ് നീ തളിർക്കെ,

തെരുക്കൂത്തിൽ ഞാനാടിയ

വേഷപ്പകർച്ച നീ, ആട്ടം നിലച്ച

പൊയ്മുഖം ഞാൻ.


പാഴ്നിനവുകളെത്ര പിറന്നൂ,

ഉന്മാദപ്പകൽക്കിനാവെന്നു

തിരുത്തി നീ.

ഓർത്തു പെയ്യും മഴക്കിറുക്കിൽ

പെയ്താർത്തു ഞാൻ.


ഒരുസഖിയിരുസഖി, എത്രമേൽ

സൗഹൃദപ്പെരുമ്പറ കൊട്ടിപോൽ.

അത്രമേൽ നീയായുയിർക്കും

കനൽക്കൂട്ടാണെനിക്കു നീ.


ഉള്ളിലോർത്തു പെയ്യും

മഴതൻ നിനാദം,

ആർത്തനാദം; ശബ്ദം മരിക്കെ

ആരവം നിലയ്ക്കെ

കിനാകോട്ടകൾക്കുള്ളിൽ

കെടാവിളക്കായ് നീ,

ഇത്തരിവെട്ടമായെത്ര നാൾ!

എനിക്കു നീയായ് പിറക്കണം

പപ്പാതിയുടൽ പകുക്കണം

പ്രാണനും, പ്രജ്ഞയും.