Friday, March 24, 2023

'പിറപ്പധിനിവേശങ്ങൾ


ജീവിതം കൊണ്ടകന്നവർ

മരണത്താൽ തൊട്ടുരുമ്മി

തീതുപ്പി പകയാടിയവർ.

അന്ധകാരത്തണലിടങ്ങളിൽ

ഉറങ്ങിയുണർന്നവർ.

നാമൊരേ നാടകത്തട്ടിൽ

നാണം കെട്ടുയിർത്തവർ.

നാമുദിച്ചസ്തമിക്കുന്നത്

ഒരേ ദിശയിലാകണം.

ഒരു കടലാഴം കിനാക്കൾ

പകുക്കണം തങ്ങളിൽ.

മറവിതൻ ഉന്മത്തപ്പുലയാട്ടിൽ

നിനക്കു ഞാനെനിക്കു നീ-

യോർമ്മത്താങ്ങാകണം.


പ്രണയ കാവ്യങ്ങളല്ല,

പ്രാണനോളം

പ്രണയിക്കാനാണിഷ്ടം.

ആകാശനീലിമയും അഗാഥതകളുമല്ല,

സമതലങ്ങളാണു പഥ്യം.

കാലുറയ്ക്കുമിടങ്ങൾ.

കാതലിച്ചു തളരാത്ത

കാറ്റിനൊപ്പം നൃത്തമാടുന്ന

മനസ്സാണെൻ്റെത്.

ഒരു മൂളിപ്പാട്ടു പോലെ

മെല്ലെയുണർന്ന് മുരണ്ടേയിരിക്കും.

ഞാൻ കാമുകനല്ല,

കവി കാമാർത്തൻ.


പടയോടിത്തളർന്ന്

വാഴ്‌വധിനിവേശങ്ങൾ പിന്നിട്ട്

പ്രണയത്താഴ് വരകളിൽ

ഉറഞ്ഞേ പോയൊരാൾ.

ഞാനാകാൻ ഞാനാടും

നാടകത്തെരു ക്കൂത്തുകൾ.

നാമൊരേ കാലത്ത്

ഒരേ കൊടിക്കൂറയ്ക്കു താഴെ

മനുഷ്യനാകാൻ നടത്തിയ

നാടകക്കളരികൾ.

എന്നിട്ടെന്താകാനെന്നു

ചോദിച്ചവരോടു

വ്യംഗ്യത്തിലാശങ്ക പതിച്ചൊര-

ട്ടഹാസം മുഴക്കി

പകയാടി തിമിർത്തവർ.

ഇല്ലെനിക്കീയവനിലൊരു

മേടയും മേൽവിലാസവും.

വെറുതേ വിതച്ചൊരു വിത്ത്

ഒരു പാഴ്ച്ചെടി, വഴിയോരത്തേക ജന്മം.

അത്രമേൽ കഥയില്ലാ കഥ -

പറഞ്ഞഴിച്ചു വേണം

പുതു ജാതകം പടുക്കാൻ.

ഞാനേകനനേകൻ.

ഞാനാകും വീൺവാക്കുടച്ച്,

മുഖമഴിച്ചൊരു മനുഷ്യനാകണം

ഈടുള്ളൊരു ഹൃദയം

വാടകയ്ക്കെടുക്കണമിനി

വിൽക്കാനൊരിഷ്ടമില്ലെന്ന്,

ഇഷ്ടത്താൽ തീർപ്പെഴുതണം.