Saturday, October 8, 2022

ജീവിതാന്തം കവിയാളർ


'ഏതു രാവിറമ്പിലും
എൻ്റെ ഭ്രാന്തിൻ
രക്തസാക്ഷിയാകുവാൻ
പാവം നീ.
എൻ്റെ മാത്രം ഭ്രാന്തെ ന്നൊന്നില്ല
രാവെളുക്കുവോളം
ഉന്തിത്തളർന്ന് മുടിയേറ്റിയ ചിന്തകളെ
തള്ളിയിട്ടാനന്ദിക്കും
ഉലകത്തിൽ, 
ഭ്രാന്തിനു മാത്രമാ-
യെന്തു ഭ്രാന്ത്!


ചിരിച്ചിലമ്പുകളാൽ 
പകലാടിത്തിമിർക്കവേ
ചതുര വടിവിലൊരു ചിന്ത.
ഒരു ചിരി,യിരു ചിരി
യെത്രമേൽ ചിരിച്ചെരാതിൽ
എരിഞ്ഞമരുന്നു ജീവിതം.
വർത്തമാനപ്പെരുവഴി
ജൈത്രയാത്രയെന്നു
ധരിച്ചെത്ര കാലം.
ജീർണ ജാതകത്താൾ
പ്രവചിക്കും ഭാവിചിത്രമപൂർണം.

ഞാൻ മരിക്കുമ്പോൾ
പടിഞ്ഞാറ്റേ കിണറ്റിൻകര
യോരം ചേർന്നു കുഴിച്ചേയിടണം.
അസ്ഥികൾ തളിർക്കുന്നോ
എന്നു നിത്യം നോക്കണം.
ഞാൻ നയിച്ച ജീവിത-
യുദ്ധത്തിൻ
നെറികേട്
നുരയുന്നുവോ എന്നറിയണം.
എന്നിട്ടവിടെ നീയൊരു
ചെമ്പകത്തൈ നടണം.
സായാഹ്നങ്ങളിൽ
അതിനു ചാരെ
കവിതചൊല്ലി തർക്കിക്കാനൊരു
കൽബെഞ്ചിടണം.

തോറ്റവർക്കു മാത്രമായൊരു
സെമിത്തേരിയുണ്ടാകുമോ?
അന്ധർക്കും മുടന്തർക്കും
ശാന്തമായുറങ്ങാൻ ഒരിടം.
അവിടെ ചെമ്പകങ്ങൾ പൂക്കണമെന്നില്ല.
പ്രേതങ്ങൾക്കു തർക്കിക്കാൻ ഇരിപ്പിടങ്ങളും!
തീവണ്ടിപ്പാളങ്ങളിൽ ചതഞ്ഞവർ
തടാകങ്ങളിൽ ചത്തുപൊങ്ങിയവർ
അവർക്കു വീര സ്വർഗം വേണ്ടാഞ്ഞിട്ടാണ്‌.
വീണവന് വാഴ്ത്തപ്പെട്ടവരോടു
തോന്നുന്ന ഒരന്യത്തം. 
തോറ്റു ജീവിച്ചവനു ഭൂമി പകരാത്ത

സ്വർഗമെന്തു സ്വർഗം.

No comments: