ഹൃദയത്തിൽ കൂടുകെട്ടിയവർ
നാമൊരേപോൽ.
കൂട്ടുകൂടിയ കാലം മുതൽ
കൂടാനിമ്പമുണ്ടെന്നു കണ്ടെത്തി,
പിരിഞ്ഞവർ.
തോൽക്കാതിരിക്കാൻ
തമ്മിലകലാൻ പഠിപ്പിച്ച
കാലത്തിനൊരു തിരുത്ത്.
അകലുന്തോറും പ്രണയമാർദ്രം,
സർവ പ്രണയികൾക്കും.
നീയെനിക്കോണനിലാവ്
നീയെനിക്കോർമ്മത്തേങ്ങൽ
നിന്നിലുറയും മിഴിനീരിനാൽ
കുതിരുമിഷ്ടമീ ഞാൻ.
നിയെനിക്കെന്റെ
നിഴലെന്റെ സ്വത്വം.
നീ താണ്ടും വേഗമെന്റേതായി
പുലരും പകലിരവുകൾ.
നന്മ പുലരട്ടെ നിനക്കായെന്നു
ജപിക്കാനെനിക്കിഷ്ടം.
നന്മയാളും ലോകമേ
കാത്തുകൊൾകെന്നു
നിത്യനിത്യം പ്രാർഥന.
ഞാൻ പോരാളി തിരെപ്പോരാ
തിന്നുകൊഴുത്തെല്ലിൽ കുത്തി
കന്നം തിരിഞ്ഞു നടന്ന കാല-
ത്തന്നേ മാളോർ ചൊല്ലി തീരപ്പോരാ.
ഇന്നിപ്പോ സ്വന്തം നിഴലാട്ടുന്നു -
ഞാൻ തീരെപ്പോരാ.
ഒടുവിൽ ഒടുവിലീ
പടിയിറങ്ങുമ്പോൾ
ഞാനെന്തെടുക്കും
നിനക്കെന്തു നൽകും
പിന്നെയും അജ്ഞാത
- മെന്റെ വഴി
നിന്നെ ഞാനെങ്ങനെ
കൂട്ടു വിളിക്കും.
ഞാനൊരാൾ തോറ്റു തോറ്റ്
തോൽവിക്കും വേണ്ടാതായി.
താൻ താനെന്നു നടിച്ച്
തന്നത്താൻ നടക്കാനുതകാതായി.
ഇനിയേതൊരു യാത്രയ്ക്കും
പാകമേയല്ലെന്ന തരത്തിലായി.
യാത്ര പോകാൻ കൂട്ടില്ലെന്ന്
കൂടെ നടന്ന നിഴലു പോലും.
ഞാനല്ലേ നിന്നെ ചുമന്നു നടന്നത്,
ഞാനല്ലേ നിനക്കു തണലായത്,
നിന്റെ ദാർഷ്ഠ്യം പേറി
ഉലകത്തിൻ പഴിയേറ്റത്.
നീയുമെന്നെ വെടിത്തെന്നാൽ
ഞാനില്ലാതെ നിനക്കെന്തുലകം.
No comments:
Post a Comment