ആർ.എസ് സന്തോഷ് കുമാർ
പൊന്നിൻ മുടിയുയർത്തി,
പത്തിവിരിച്ച്, കൊടുമുടികൾ
അവർക്കായി കാത്തുനിന്നു.
മഴയുടെ നിനാദം നെടുവീർപ്പിട്ടു.
സൂചിമുനകൾ പെയ്തിറങ്ങിയ
അതേ മദ്ധ്യാഹ്നം അവർക്കായി
കവിതചൊല്ലി തർക്കിച്ചു.
മഞ്ഞിൻ മാറുപിളർന്ന്
വേഗവേഗം ഇരുവരും മുടിയേറി.
ചക്രവാളങ്ങൾ ചിലമ്പിക്കലമ്പി
കഥചൊല്ലിത്തളർന്ന് ചുവന്നു.
ചില കാര്യങ്ങളങ്ങനെയാണ്
നിനയ്ക്കും വഴി നടക്കാറില്ല.
നാടകം നിർത്തി നല്ലവഴിക്കു
വേർപിരിഞ്ഞു രണ്ടു പേർ.
നല്ലവേലിക്കപ്പുറമിപ്പുറ
നല്ലയൽക്കാരുണ്ടാകും പോൽ.
താന്താങ്ങൾക്കിടയിൽ കടലകലം.
കത്തെഴുതി തഴച്ച സൗഹൃദം
കൂട്ടുപിരിഞ്ഞ്
കലഹജീവിതത്തിലേക്ക്
അവനെഴുതിയ നല്ലവാക്കുകൾ,
വായിച്ചും കേട്ടെഴുതിയും പഠിച്ചും
ഞാൻ കയറിയ പടവുകൾ.
അവന്റെ ഗദ്ഗദങ്ങളുടെ ഇടിനാദം
ഇത്തിരിയോളം പോന്ന എന്നെ
കവിതയ്ക്കു കൂട്ടിക്കൊടുത്തു.
സൂചിമുനത്തുമ്പിൽ നിന്നിന്ന്
സസ്നേഹം കുറിയ്ക്കുന്നു.
എഴുതിനിറയ്ക്കണമെന്നുള്ളിൽ,
വന്നു നിറയണമെന്റെ വരികളിൽ
നിന്റെ നേർക്കാഴ്ചയും തുടിയും,
തുലാമഴയും തോന്ന്യാസങ്ങളും.
തോരാതെ പെയ്യണമെന്നുള്ളിൽ
നിന്റെ നിറവുകൾ, നൈർമല്യം–
നേർത്തൊരാർദ്രമാം നിശ്വാസം.
സൂചിമുനത്തുമ്പിൽ നിന്ന്
സസ്നേഹം നിന്റെ നിഴൽ, ഞാൻ
1 comment:
mazhayude swaram kathorkkunna amma vayarile kunjayi garbha geham thurakkunna ochhakalkkayi njan irul kudichurangunnu...
Post a Comment