ആർ.എസ് സന്തോഷ് കുമാർ
മഴയിൽ ചെറുവഴികളിൽ
ചെറുതായ ചെറുപ്പം പേറി
തന്നിഷ്ടപ്പെരുവഴിയിൽ.
ഇരുട്ടിൽ, കൊടും തണുപ്പിൽ
നെരിപ്പോടൂതും നെഞ്ചിൽ
നെറികേടിൽ വിഷമപ്പെരുമഴ.
ചിലനേരങ്ങളിൽ, പെരും–
നേരമ്പോക്കായ് ചെറുജീവിതം.
വെയിൽ വഴികളിൽ,
നിഴൽനാടകം, കൂത്ത്, കുമ്പസാരം.
ഊതിയണച്ച സുര്യനു ചുറ്റും
അവനവൻ ഗ്രഹണം.
ഗർവ്വുടച്ച് ശിഷ്യപ്പെടാൻ
ആകാശം! അശരീരി.
നേരിൽ വരാൻ പറഞ്ഞ്
നക്ഷത്രങ്ങൾക്ക് പിണക്കക്കത്തയച്ചു.
മിക്ക നേരങ്ങൾക്കും മീതേ
വിഷമക്കള്ളിൻ ലഹരി പൂശി
വിഷാദത്തിന്റെ വിഗ്രഹമായി,
ഭഗവാനായി, സ്വയം ഭാഗവതമായി
ചിതലരിച്ച് ഓട്ടവീണ മനസ്സുമായി
ജീവിതമാമാങ്കം.
അങ്കം തോറ്റ്,
പഴം പഴയ ഇരുട്ടു പുതച്ച്
അറുപഴഞ്ചൻ ക്യൂബിക്കിളിലേക്ക്.
ചിലനേരങ്ങളിൽ ചിലർ
പ്രവചനാതീത കാലത്തെ
പ്രളയം പോലെ.
കാമുകൻ പല്ലിയും ഇണയും
മച്ചിലിരുന്നു ചിലച്ചു.
സത്യം!
വർത്തമാനകാലം
വഷളത്തങ്ങളിലേക്കു
വളഞ്ഞുപുളഞ്ഞൊഴുകി.
മഴ ചിലന്തിയെപ്പോൽ
മനസ്സിൽ കൂടുകെട്ടി.
തെരുവിന്റെ മഞ്ഞവെളിച്ചം
സ്വർണ്ണം കെട്ടിയൊരുക്കിയ
ചിലന്തിക്കെണിയിൽ
ഞാനിരയായി.
തലകീഴായി ഞാന്നുകിടന്ന്
അയ്യോ, അമ്മേയെന്നലറി.
താതല്ലുകേൾക്കാത്തവർ
തലകീഴായി തൂങ്ങുമെന്ന്
മുത്തശ്ശി പറഞ്ഞിട്ടുണ്ട്.
തൃസന്ധ്യയ്ക്ക് മൂടിപ്പുതച്ചു
കിടന്നു കേട്ട കഥയിലെ
ഗുണപാഠം അന്നേ മറന്നു.
2.
ഇടിമുഴക്കം കാതിലോതി
മഴക്കാലം മറന്നേയ്ക്കാൻ
മഴനനഞ്ഞീറനിറ്റു വിറയ്ക്കും
തൃസന്ധ്യയ്ക്കും, തെല്ലൊരിമ്പമാർന്ന
ചെറുചീവിടിൻ ഗദ്ഗദങ്ങൾക്കും
കൂട്ടുപോകാൻ ഇനിയെന്നൊരു ബാല്യം.
ചെറുതാകാനെന്നിനി ചെറുപ്പം.
ചേറിലാർത്തു കളിക്കും കുസൃതിക്കാലം
കുടപിടിച്ചെങ്ങോ യാത്രപോയി.
നട്ടു വളർത്തിയ ജലചിന്തകൾ
ചെമ്പകച്ചോട്ടിൽ കുഴിച്ചിട്ടു.
മഴയുടെ ജഡം പേറിയൊരുനാൾ
ഇരിക്കാനിടമില്ലാത്ത നഗരത്തിൽ
കൂടുകൂട്ടാൻ കൂട്ടിരിക്കാൻ മറന്ന
കോലാഹലങ്ങൾക്കിടയിൽ, നനഞ്ഞൊലിച്ച്.
മഴ വിരുന്നുവരാത്ത ഫ്ളാറ്ററകളിൽ
ഇരുട്ടിൽ, രാവിറമ്പിൽ ഇടിമുഴക്കം.
നീളെ നീളെ ചൊരിയും മഴയിൽ
നെഞ്ചുനീറിയെന്നിറയത്ത്.
നീളെ പെയ്യും നാളേയ്ക്കിനിയും
കാത്തുവയ്ക്കുമെന്നിറയത്ത്.
ഒരു കുമ്പിൾ മഴ, ഒരു തുടം മണ്ണ്
നാമം ജപിക്കുമൊരു തുളസിത്തറ
ഉള്ളിലാളുമൊരു ചെരാത്.
മഴനേരങ്ങളിൽ ചിലർ
പ്രവചനാതീത കാലത്തെ
പ്രളയം പോലെ.
ചിലനേരങ്ങളിൽ മഴ
മറവിയുടെ കുഴിമാടങ്ങൾ പൊളിച്ച്
കാമുകിമാരെ പുറത്തെടുക്കും കടങ്കഥ.
No comments:
Post a Comment