ആർ.എസ്.സന്തോഷ് കുമാർ
ജീവിതം
കൊണ്ടകന്നവർ
തീതുപ്പി പകയാടിയവർ.
അന്ധകാരത്തണലിടങ്ങളിൽ
ഉറങ്ങിയുണർന്നവർ.
നാമൊരേ നാടകത്തട്ടിൽ
നാണം കെട്ടുയിർത്തവർ.
നാമുദിച്ചസ്തമിക്കുന്നത്
ഒരേ ദിശയിലാകണം.
ഒരു കടലാഴം കിനാക്കൾ
പകുക്കണം തങ്ങളിൽ.
മറവിതൻ ഉന്മത്തപ്പുലയാട്ടിൽ
നിനക്കു ഞാനെനിക്കു നീ-
യോർമ്മത്താങ്ങാകണം.
പ്രണയ കാവ്യങ്ങളല്ല,
പ്രാണനോളം
പ്രണയിക്കാനാണിഷ്ടം.
ആകാശനീലിമയും അഗാഥതകളുമല്ല,
സമതലങ്ങളാണു പഥ്യം.
കാലുറയ്ക്കുമിടങ്ങൾ.
കാതലിച്ചു തളരാത്ത
കാറ്റിനൊപ്പം നൃത്തമാടുന്ന
മനസ്സാണെന്റേത്.
ഒരു മൂളിപ്പാട്ടു പോലെ
മെല്ലെയുണർന്ന് മുരണ്ടേയിരിക്കും.
–
ഞാൻ കാമുകനല്ല,
കവി കാമാർത്തൻ.
പടയോടിത്തളർന്ന്
വാഴ്‌വധിനിവേശങ്ങൾ പിന്നിട്ട്
പ്രണയത്താഴ് വരകളിൽ
ഉറഞ്ഞേ പോയൊരാൾ.
ഞാനാകാൻ ഞാനാടും
നാടകത്തെരുക്കൂത്തുകൾ.
നാമൊരേ കാലത്ത്
ഒരേ കൊടിക്കൂറയ്ക്കു താഴെ
മനുഷ്യനാകാൻ നടത്തിയ
നാടകക്കളരികൾ.
എന്നിട്ടെന്താകാനെന്നു
ചോദിച്ചവരോടു
വ്യംഗ്യത്തിലാശങ്ക പതിച്ചൊര-
ട്ടഹാസം മുഴക്കി
പകയാടി തിമിർത്തവർ.
ഇല്ലെനിക്കീയവനിലൊരു
മേടയും മേൽവിലാസവും.
വെറുതേ വിതച്ചൊരു വിത്ത്
ഒരു പാഴ്ച്ചെടി, വഴിയോരത്തേക ജന്മം.
അത്രമേൽ കഥയില്ലാ കഥ -
പറഞ്ഞഴിച്ചു വേണം
പുതു ജാതകം പടുക്കാൻ.
–
ഞാനേകനനേകൻ.
ഞാനാകും വീൺവാക്കുടച്ച്,
മുഖമഴിച്ചൊരു മനുഷ്യനാകണം
ഈടുള്ളൊരു ഹൃദയം
വാടകയ്ക്കെടുക്കണമിനി
വിൽക്കാനൊരിഷ്ടമില്ലെന്ന്,
ഇഷ്ടത്താൽ തീർപ്പെഴുതണം.








































